പെരുമ്പാവൂർ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകം: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷസുപ്രീം കോടതി സ്റ്റേ ചെയ്തു
1 min read
പെരുമ്പാവൂർ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകം: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷസുപ്രീം കോടതി സ്റ്റേ ചെയ്തു
ദില്ലി: പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതക കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
വിചാരണക്കോടതി നടപടി ശരിവച്ച കേരള ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരായി സമര്‍പ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു കൊണ്ട് സുപ്രിംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ മാത്രമാണ് വധശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്.
പ്രതിയുടെ മനഃശാസ്ത്ര ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച സുപ്രീം കോടതി ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അതേ കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി. മനശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളേജ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതിയുടെ ജയിലിലെ പെരുമാറ്റത്തെ കുറിച്ച് വിയ്യൂർ ജയിൽ അധികൃതർ റിപ്പോർട്ട് സമർപ്പിക്കണം. പ്രതിയെ ജയിലിൽ എത്തി കണ്ട് സംസാരിക്കാൻ നൂരിയ അൻസാരിയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതിയും ശിക്ഷശരിവച്ചത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീലിലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്താവിച്ചിരുന്നത്.
