ഉണക്കമീനിനും ‘പിടയ്ക്കുന്ന’ വില

1 min read
Share it

ഉണക്കമീനിനും ‘പിടയ്ക്കുന്ന’ വില

കണ്ണൂർ: ട്രോളിങ് നിരോധനം വന്നതോടെ ഉണക്കമീനിനും ക്ഷാമം. ഉണക്കി വിപണിയിലെത്തിക്കാൻ മീൻ ഇല്ലാതായതോടെ വിലയിൽ വൻ വർധനയാണ്. ഉണക്കമീൻ ആരാധകർ വിഷമത്തിലാണ്. പച്ചമീനിന് വില കൂടിയപ്പോൾ ഉണക്ക മീൻ സെയ്ഫാണെന്ന് കരുതി. അതും പാളി. ഉണക്ക് നത്തലിന്‍റെ വില 100ൽ നിന്ന് 200 രൂപയിലേക്ക് ഉയർന്നു. ഉണക്ക മത്തിയുടെ വില 150ൽ നിന്ന് 300-320 രൂപയായി വർദ്ധിച്ചു. ഉണക്ക മുള്ളന്‍റേതാകട്ടെ 130 – 150ൽ നിന്ന് 300 – 350 രൂപയായി ഉയർന്നു. ഒറ്റയടിക്ക് വില കുത്തനെ കയറുകയായിരുന്നു. ഉണക്ക മത്തിയാണെങ്കിൽ കിട്ടാനുമില്ല.  ഉണക്കമീൻ ഉണ്ടെങ്കിൽ ചോറ് തീവണ്ടി പോലെ പോകുമെന്നാണ് വാങ്ങാനെത്തിയവർ പറയുന്നത്.

പച്ച മീനിനേക്കാള്‍ രുചിയെന്ന് മറ്റു ചിലർ. ഹാർബറിൽ പോയി ഞെട്ടിയവർക്ക് മാർക്കറ്റിലെത്തിയപ്പോൾ നിരാശയാണ്. വേറെ വഴിയില്ലാത്തതു കൊണ്ട് വന്നവരൊക്കെ കുറച്ച് ഉണൻക്കമീൻ പൊതിഞ്ഞു വാങ്ങി കീശകാലിയാക്കാതെ തിരിച്ചുപോയി.  മത്തിയുടെ വിലയാകട്ടെ കിലോയ്ക്ക് 400 രൂപ വരെ എത്തി. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ തീ വില തുടരുമെന്നാണ് സൂചന.  വിപണിയിൽ ഇന്ന് രാജാവാണ് മത്തി. വിലയിലെ രാജകീയ പദവി വിട്ടൊഴിയാൻ മത്തി ഒരാഴ്ചയായിട്ടും തയ്യാറായിട്ടില്ല. ഒരാഴ്ച മുൻപ് 300 രൂപ ആയിരുന്നെങ്കിൽ ഇന്ന് വില പലയിടത്തും കിലോയ്ക്ക് 400 വരെ ഉയർന്നു. വില കൂടിയതോടെ വാങ്ങാതെ പലരും തിരിച്ചുപോവുകയാണ്. 400 രൂപയ്ക്ക് മത്തി വാങ്ങുക എന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് ചില വീട്ടമ്മമാർ പറയുന്നു.

ചാളയില്ലാതെ പറ്റില്ലെന്നും എത്ര വില കൂട്ടിയാലും വാങ്ങുമെന്നും മറ്റു ചിലർ. ചെറുവള്ളങ്ങളിൽ പിടിച്ചുകൊണ്ടു വരുന്ന മത്തിക്കാണ് ഇപ്പോള്‍ ഡിമാൻഡും വിലയും. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ തീ വില തുടരുമെന്നാണ് മത്സ്യവിപണന മേഖലയിൽ നിന്ന് ലഭിക്കുന്ന വിവരം.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!