യൂറോ കപ്പിൽ കളിച്ച് നടന്നാൽ മാത്രം പോരാ സ്കൂളിലെ ഹോം വർക്കും ചെയ്യണം, വൈറലായി സ്പെയിനിന്‍റെ യുവതാരം ലാമിൻ യമാൽ
1 min readയൂറോ കപ്പിൽ കളിച്ച് നടന്നാൽ മാത്രം പോരാ സ്കൂളിലെ ഹോം വർക്കും ചെയ്യണം, വൈറലായി സ്പെയിനിന്‍റെ യുവതാരം ലാമിൻ യമാൽ
ഇറ്റലിക്കെതിരായ മത്സരത്തിന് മുമ്പ് സ്പെയിനിന്‍റെ യുവതാരം ലാമിൻ യമാലിന് ചെയ്ത് തീർക്കാൻ നിരവധി കാര്യങ്ങളുണ്ട്. അതിന്‍റെ തിരക്കിലാണ് താരമിപ്പോൾ. യൂറോ കപ്പ് ചരിത്രത്തിലെ പ്രായം കുറഞ്ഞ താരമാണ് ലാമിൻ യമാൽ. സ്പെയിൻ മുന്നേറ്റ നിരയിലെ മിന്നല്‍പ്പിണര്‍. പക്ഷേ കളിച്ച് നടന്നാൽ മാത്രം പോര, പഠിക്കേണ്ട പ്രായത്തിൽ പഠിക്കുകയും വേണമല്ലോ.
ഹോട്ടൽ മുറിയിലിരുന്ന് ഓൺലൈനിൽ പഠിക്കുന്ന യമാലിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. യൂറോ തിരക്കിനിടയിലും പഠനത്തിന് സമയം കണ്ടെത്തുന്ന താരത്തിന് അഭിനന്ദന പ്രവാഹമാണ്. സ്പെയിനിലെ ഇഎസ്ഒ(നിര്‍ബന്ധിത സെക്കന്‍ഡറി വിദ്യാഭ്യാസം) നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് യമാല്‍ ഇപ്പോള്‍. അതുകൊണ്ടുതന്നെ സ്കൂളിലെ ഹോം വർക്കുമായാണ് താൻ യൂറോ കപ്പില്‍ കളിക്കാന്‍ ജർമനിയിലേക്ക് വന്നതെന്ന് യമാൽ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു
താരത്തിന് പൂർണ പിന്തുണയാണ് അധ്യാപകരും നൽകുന്നത്. യൂറോ കപ്പിന് ശേഷം പഠനത്തിനും വിശ്രമത്തിനുമായി 3 ആഴ്ച സമയമാണ് ക്ലബായ ബാഴ്സലോണ നൽകിയിരിക്കുന്നത്. പിന്നെ ഓൺലൈൻ ക്ലാസുകൾ തുടരും. 16കാരനായ യമാൽ ക്രൊയേഷ്യയ്ക്കെതിരെയാണ് യൂറോയിൽ അരങ്ങേറ്റം നടത്തിയത്. ഡാനി കാര്‍വജാളിന്‍റെ മൂന്നാം ഗോളിന് വഴിയൊരുക്കിയ നിര്‍ണായക അസിസ്റ്റ് നല്‍കിയത് യമാല്‍ ആയിരുന്നു. ഇതോടെ യൂറോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അസിസ്റ്റ് നല്‍കിയ താരമെന്ന റെക്കോര്‍ഡ് യമാലിന്‍റെ പേരിലായി.
ഇന്ന് ഇറ്റലിക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ ഗോളടിച്ച് യൂറോ കപ്പിലെ പ്രായം കുറഞ്ഞ ഗോൾ വേട്ടക്കാരനാവുകയാണ് യുവതാരത്തിന്‍റെ അടുത്ത ലക്ഷ്യം. ബാഴ്സലോണ അക്കാദമിയായ ലാ മാസിയയുടെ സംഭാവനയായ യമാല്‍ ടീമിന്‍റെ ഇതിഹാസ താരങ്ങളുടെ തലത്തിലേക്ക് ഉയരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്പാനിഷ് ലീഗില്‍ റയലിനെതിരായ മത്സരത്തില്‍ ഗോളടിച്ച് യമാലിനോട് പത്താം ക്ലാസിലെ കണക്ക് പരീക്ഷയാണോ റയലിനെതിരെ ഗോളടിക്കുന്നതാണോ ബുദ്ധിമുട്ടെന്ന് ചോദിച്ചപ്പോള്‍ റയലിനെതിരെ ഗോളടിക്കുന്നത് എന്നായിരുന്നു കൗമാര താരത്തിന്‍റെ മറുപടി.