പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്‌കൂള്‍ നവതി ആഘോഷത്തിന് തുടക്കമായി
1 min readപള്ളിക്കുന്ന്: പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്‌കൂളിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന നവതിയാഘോഷം പുരാവസ്തു രജിസ്‌ട്രേഷന്‍ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. സുമേഷ് എംഎല്‍എ മുഖ്യാതിഥിയായി.
കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് ടി.കെ. രമേഷ്‌കുമാര്‍ നവതി സ്മാരകമായ ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നടത്തി. പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തളിപ്പറമ്പ് തൃച്ഛംബരം ചെങ്ങളവീട്ടില്‍ നാരായണവാര്യരുടെ സ്മരണാര്‍ത്ഥം മകനും പൂര്‍വവിദ്യാര്‍ത്ഥിയുമായ പി.വി. ജയചന്ദ്രന്‍ നല്‍കുന്ന വിദ്യാഭ്യാസ പ്രൈസ് മണി വിതരണ ഉദ്ഘാടനവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.എന്‍. രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ യു.കെ. ദിവാകരന്‍ മാസ്റ്റര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് സ്‌കൂളിലെ പുര്‍വ അധ്യാപകരായ വല്ലിദേവി ടീച്ചര്‍, നളിനി ടീച്ചര്‍, പി. ഭാരതി, ടി. ശ്യാമള, പ്രേമജ എന്നിവരെ ആദരിച്ചു. വിവിധ മേളകളില്‍ ഉന്നതവിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം സ്‌കൂള്‍ മാനേജര്‍ രവീന്ദ്രനാഥ് ചേലേരി നിര്‍വ്വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വി.കെ. ഷൈജു, പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഒ.കെ. ബിജിമോള്‍, സ്‌കൂള്‍ എസ്.എസ്.ജി. ചെയര്‍മാന്‍ പി.ടി. സഗുണന്‍, സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് അംഗം എം.കെ. വിനോദ് എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി.വി. സിന്ധു ടീച്ചര്‍ സ്വാഗതവും സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് രിധു സജിത്ത് നന്ദിയും പറഞ്ഞു.
സ്‌കൂളിലെ മ്യൂസിക് ക്ലബ് അംഗങ്ങള്‍ അവതരിപ്പിച്ച സ്വാഗതഗാനവും കലാ സന്ധ്യയില്‍ നൃത്തന്യത്യങ്ങള്‍, കൈ കൊട്ടിക്കളി, തിരുവാതിര, ഡാന്‍സ് ഫ്യൂഷന്‍ എന്നിവയും അരങ്ങേറി.