126 കോടിയുടെ നികുതി വെട്ടിപ്പ്; തൃശൂരിലെ ഹൈ റിച്ച് ഷോപ്പി ഡയറക്ടര്‍ റിമാന്‍ഡില്‍
1 min readതൃശ്ശൂര്‍: 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസില്‍ തൃശൂര്‍ ആസ്ഥാനമായുള്ള ഹൈ റിച്ച് ഷോപ്പി കമ്ബനി ഡയറക്ടര്‍ പ്രതാപൻ റിമാൻഡില്‍.
ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിനായിരുന്നു കേരള ജിഎസ്‍ടി ഇന്റലിജൻസ് വിഭാഗം പ്രതിയെ അറസ്റ്റ് ചെയ്തത്. സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ്.ടി വെട്ടിപ്പ് കേസുകളില്‍ ഒന്നാണിത്.
തൃശൂര്‍ ആറാട്ടുപുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തുന്ന ഹൈറിച്ച് ഓണ്‍ലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ പ്രതാപനാണ് ഡിസംബര്‍ ഒന്നിന് അറസ്റ്റിലായത്. കാസര്‍ഗോഡ് ജിഎസ്‍ടി ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയില്‍ ആണ് വമ്ബൻ ജി.എസ്.ടി വെട്ടിപ്പ് പുറത്തു വന്നത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 24ന് ജിഎസ്‍ടി ഇന്റലിജൻസ് -l യൂണിറ്റ് ആറാട്ടുപുഴയിലെ ഹൈറിച്ച് ഓണ്‍ലൈൻ ഷോപ്പിയുടെ ഓഫീസിലടക്കം റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമ്ബനി 703 കോടി രൂപയുടെ വിറ്റുവരവ് മറച്ചു വെച്ചതിലൂടെ 126.54 കോടി രൂപ നികുതി വെട്ടിപ്പ് നടത്തി എന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഡയറക്ടര്‍മാര്‍ക്ക് സമൻസ് നല്‍കിയിരുന്നു.
റെയ്ഡിന് പിറകെ നവംബര്‍ 24 ന് ഒരുകോടി അമ്ബത് ലക്ഷവും നവംബര്‍ 27 ന് 50 കോടിയും നല്‍കി കേസില്‍ അറസ്റ്റ് ഒഴിവാക്കാൻ പ്രതി ശ്രമിച്ചെങ്കിലും പിടി വീഴുകയായിരുന്നു. മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ് മോഡലിലുള്ള ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഹൈറിച്ച് ഷോപ്പി. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിചാണ് കമ്ബനിയുടെ ഇടപാടുകള്‍. അന്വേഷണത്തിന്റെ ഭാഗമായി കമ്ബനിയുടെയും പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികളും ജി.എസ്.ടി വിഭാഗം ആരംഭിച്ചിട്ടുണ്ട്.