മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ അന്തരിച്ചു
1 min readമുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ അന്തരിച്ചു
കൊച്ചി | മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ (77) അന്തരിച്ചു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ മുകുന്ദൻ ആർ എസ് എസിലൂടെയാണ് കേരളത്തിൽ ബിജെപിയുടെ സംഘടന ചുമതലയിലേക്ക് ഉയർന്നത്. ബിജെപിയുടെ സംഘടന സെക്രട്ടറിയായും പിന്നീട് ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ സംഘടന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
കൊട്ടിയൂരിൽ കൃഷ്ണന്‍ നായര്‍-കല്യാണി അമ്മ ദമ്പതികളുടെ മകനായാണ് ജനിച്ചത്. 1988 മുതല്‍ 95-വരെ ജന്മഭൂമി ദിനപ്പത്രം മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. 1991 മുതല്‍ 2007-വരെ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു.
2005 മുതല്‍ 2007-വരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുളള ക്ഷേത്രീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ചുമതല കൈകാര്യം ചെയ്തു. ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 2006-ല്‍ ബിജെപിയില്‍ നിന്നു പുറത്താക്കിയ അദ്ദേഹം പത്ത് വർഷത്തിന് ശേഷം 2016-ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുകയായിരുന്നു.
ആർഎസ്എസിന്റെ കൊച്ചിയിലെ കാര്യാലയത്തിൽ പൊതു ദർശനത്തിന് വെക്കുന്ന മൃതദേഹം പിന്നീട് കണ്ണൂരിലേക്ക് കൊണ്ടു പോകും. മികച്ച സംഘാടകനെന്ന നിലയിൽ അടിയന്തിരാവസ്ഥ കാലത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വളർച്ച. ഇ കെ നായനാരും കെ കരുണാകരനും ഇടത് വലത് മുന്നണികളെ നയിച്ച കാലത്ത് ബിജെപിയുടെ കേരളത്തിലെ ശക്തമായ മുഖമായിരുന്നു അദ്ദേഹം.