കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചു: രണ്ട് മരണം വൈറസ് ബാധ മൂലം
1 min readകോഴിക്കോട്ട് നിപ സ്ഥിരീകരിച്ചു:
രണ്ട് മരണം വൈറസ് ബാധ മൂലം
കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ ബാധയെന്ന് സ്ഥിരീകരണം. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ ഫലം വരാൻ കാത്തിരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതിൽ ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയും ആണ് മരിച്ചത്.
മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിലുള്ളത്. നിലവിൽ 75 പേരുടെ സമ്പർക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. എല്ലാ ആശുപത്രികളിലും മാസ്ക്, പി പി കിറ്റ് അടക്കമുള്ള ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ ആരോഗ്യ പ്രവർത്തകർ പാലിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.