മഴയിൽ കുറവ്, ചൂടിന്റെ തലസ്ഥാനമായി കേരളം

1 min read
Share it

മഴയിൽ കുറവ്, ചൂടിന്റെ തലസ്ഥാനമായി കേരളം

കേരളം ചൂടിന്റെ തലസ്ഥാനം ആകുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന കാലാവസ്ഥാ മാറ്റ പഠന ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക റിപ്പോർട്ട്.

കേരളത്തിലെ ശരാശരി താപനിലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ക്രമാതീതമായ വർധനവ് ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് തൃശൂരിൽ സംസ്ഥാന ശാസ്ത്ര കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുറത്തിറക്കിയത്.

ഏപ്രിൽ മാസ താപനിലയിലാണ് ഏറ്റവും കൂടിയ വർധനവ് രേഖപ്പെടുത്തിയത്. 1.85 ഡിഗ്രി സെൽഷ്യസ്. 124 വർഷത്തിന് ഇടയിൽ സംസ്ഥാനത്തെ വാർഷിക ശരാശരി താപനിലയിലെ വർധന 0.99 ഡിഗ്രിയായി ഉയർന്നതും ഭാവിയെ കുറിച്ചുള്ള ആശങ്കയായി റിപ്പോർട്ടിലുണ്ട്.

2024 കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വർഷമായി മാറിയെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പുമായി ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2016ൽ 0.77 ഡിഗ്രിയും 2023ൽ 0.76 ആയിരുന്ന താപനിലയാണ് പെട്ടെന്ന് വർധിച്ച് 0.99 ഡിഗ്രി ആയി ഉയർന്നത്.

സംസ്ഥാനത്തെ എല്ലാ ഋതുക്കളിലും താപനില വർധിക്കുന്ന പ്രവണത ദൃശ്യമായതായും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.

ശൈത്യകാല താപനിലയിലെ വർധന പോലും 1.17 ഡിഗ്രിയാണ്. സംസ്ഥാനത്തെ ഏറ്റവും തണുപ്പു കുറഞ്ഞ മഞ്ഞ് കാലത്തിനാണ് ഈ ഡിസംബറിൽ തിരശീല വീണത്. ജനുവരിയിലും തണുപ്പു കുറഞ്ഞതിന്റെ കാരണം റിപ്പോർട്ടിൽ നിന്ന് വ്യക്തം, ജനുവരിയിലെ കുറഞ്ഞ താപനിലയിൽ 1.71 ഡിഗ്രി വർധനയുണ്ട്.

വേനൽക്കാല താപനിലയിൽ 1.13 ഡിഗ്രിയും മൺസൂൺ കാല താപനിലയിൽ 0.95 ഡിഗ്രിയും അതിനുശേഷമുള്ള സമയത്ത് 0.81 ഡിഗ്രിയും ശരാശരി ചൂടിൽ വർധന. റെക്കോർഡ് താപനില അനുഭവപ്പെട്ട 10 വർഷങ്ങളിൽ ഒൻപതും 2015-2024 കാലഘട്ടത്തിലാണ്.

കഴിഞ്ഞ 100 വർഷത്തിന് ഇടയിൽ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനിലകൾ തമ്മിലുള്ള അംശബന്ധ കണക്കിലും വർധനയുടെ പ്രവണത വ്യക്തമാണ്. 1.15 ഡിഗ്രിയുടെ താപ വർധനയാണ് ഇതിൽ കണ്ടെത്തിയത്. കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള അന്തരം 10 ഡിഗ്രിക്ക് താഴെ നിന്നില്ലെങ്കിൽ ആ പ്രദേശം ഭാവിയിൽ കൊടും വരൾച്ചയുടെ പിടിയിലേക്കാവും പോകുന്നതെന്ന സൂചനയും വിദഗ്ധർ മുന്നോട്ടു വയ്ക്കുന്നു.

മധ്യകേരളത്തിൽ കാലവർഷം ദുർബലമാവുകയും വേനൽമഴ തീവ്രമഴയായി പെയ്ത് ഇറങ്ങുകയും ചെയ്യുന്ന പ്രവണതയും ചൂടേറ്റത്തിന്റെ ഫലമാകാം. കഴിഞ്ഞ 100 വർഷത്തിനിടെ കാലവർഷം 12.4%, തുലാമഴ 5.4 % എന്നിങ്ങനെ കുറയുന്ന പ്രവണതയാണ്.

കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Loading

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!