കേരളപ്പിറവി ദിനത്തില്‍ ചെരുപ്പു തുന്നല്‍ തൊഴിലാളികള്‍ക്ക് ആശ്രയമായി വര്‍ക്ക് ഷെല്‍ട്ടര്‍ നല്‍കി

കേരളപ്പിറവി ദിനത്തില്‍ ചെരുപ്പു തുന്നല്‍ തൊഴിലാളികള്‍ക്ക് ആശ്രയമായി വര്‍ക്ക് ഷെല്‍ട്ടര്‍ നല്‍കി കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെരുപ്പു തുന്നല്‍ തൊഴിലാളികള്‍ക്കായി കേരളപ്പിറവി ദിനത്തില്‍ വര്‍ക്ക് ഷെല്‍ട്ടര്‍ നല്‍കി. ഓഫീസേഴ്സ് ക്ലബ്ബ് പരിസരത്തും പ്രസ്സ് ക്ലബ്ബ് പരിസരത്തുമായി 12 തൊഴിലാളികള്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ സുരക്ഷിതമായി ജോലി ചേയ്യാന്‍ പറ്റുന്ന 6 ഷെല്‍ട്ടറുകളാണ് അനുവദിച്ചത്.

കോര്‍പ്പറേഷന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിച്ചത്. ഓഫീസേഴ്സ് ക്ലബ്ബിന് സമീപത്ത് വെച്ച് നടന്ന പരിപാടി മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക് കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ കേരളപ്പിറവി സമ്മാനമാണ് ഇതെന്ന് മേയര്‍ പറഞ്ഞു.

ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, എം പി രാജേഷ്, അഡ്വ പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, പി കെ സാജേഷ് കുമാര്‍, ശ്രീലത വി കെ, മിനി അനില്‍ കുമാര്‍, ആസിമ സി എച്ച്, പൊതുപ്രവര്‍ത്തകന്‍ അഡ്വ.വിനോദ് പയ്യട, ചെരുപ്പു തുന്നല്‍ തൊഴിലാളി യൂണിയന്‍ നേതാവ് ബാബു കെ തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തെ നാല് പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് ഷെല്‍ട്ടറുകള്‍ ഇന്നര്‍ വീല്‍ ക്ലബ്ബിന്‍റെ സഹായത്തോടെ നിര്‍മ്മിച്ച് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *