വേനല്‍ പതിവിലും നേരത്തേ, ഇത്തവണ ഫെബ്രുവരിയും പൊള്ളും
1 min read
വേനല്‍ പതിവിലും നേരത്തേ, ഇത്തവണ ഫെബ്രുവരിയും പൊള്ളും
വരുന്നത് കടുത്ത വേനല്‍ക്കാലം. ഫെബ്രുവരി ആദ്യവാരത്തില്‍ത്തന്നെ ഉച്ചസമയത്തെ താപനില 36 മുതല്‍ 38 ഡിഗ്രി വരെ എത്തുന്നത് ഇതിലേക്കുള്ള സൂചനയാണെന്ന് കാലാവസ്ഥാനിരീക്ഷകർ പറയുന്നു. കാലാവസ്ഥാമാറ്റം മൂലം നേരത്തേ വേനലെത്തുന്നത് ഏതാനും വർഷങ്ങളായി തുടരുന്നുണ്ട്. ഇത്തവണ പതിവിലും നേരത്തേയാണെന്നുമാത്രം. ജനുവരി 30-നു തന്നെ സംസ്ഥാനത്ത് പലയിടത്തും പകല്‍ താപനില കാര്യമായി ഉയർന്നിരുന്നു. അടുത്ത മൂന്നരമാസം രാജ്യത്തുടനീളം കടുത്ത ചൂട് പ്രതീക്ഷിക്കാം.
തിങ്കളാഴ്ച പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടെ ഓട്ടോമാറ്റിക് സ്റ്റേഷനില്‍ 41.7-ഉം മലമ്ബുഴ ഡാമില്‍ 41.6-ഉം ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. സാധാരണ മാർച്ചിലാണ് പാലക്കാട്ട് താപനില 40 ഡിഗ്രിക്ക് മുകളിലെത്താറ്. നിലവില്‍ വയനാട്, ഇടുക്കി ജില്ലകളിലെ ഓട്ടോമാറ്റിക് സ്റ്റേഷനുകളില്‍ മാത്രമാണ് 30 ഡിഗ്രിക്കു താഴെ താപനില രേഖപ്പെടുത്തുന്നത്. പ്രാദേശികമായി ചൂടുകൂടുന്ന രീതിയും ഗവേഷകർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
മാർച്ച് ഏപ്രില്‍, മെയ് മാസങ്ങളാണ് രാജ്യത്ത് വേനല്ക്കാലമായി പരിഗണിക്കുന്നത്. എന്നാല്‍, ഏതാനും വർഷങ്ങളായി ഫെബ്രുവരിയിലും പകല്‍സമയത്ത് അന്തരീക്ഷം പതുക്കെ ചൂടാകുന്നു.
മാർച്ച് 21-ഓടെ സൂര്യൻ ഭൂമധ്യരേഖയില്‍ എത്തുകയും തെക്കൻ അർധഗോളത്തില്‍നിന്ന് ഇന്ത്യയടക്കമുള്ള വടക്കൻമേഖലയിലേക്ക് കടക്കുകയും ചെയ്യും.
അതോടെ താപനില വീണ്ടും ഉയരുമെന്ന് കാലാവസ്ഥാഗവേഷകൻ ഗോപകുമാർ ചോലയില്‍ പറയുന്നു. ഇത്തവണ ഇടമഴകള്‍ക്കും സാധ്യത കുറവാണെന്നാണ് നിരീക്ഷണം.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
