ആകാശ് തില്ലങ്കേരിക്കെതിരെ പരാതി: ഫർസീൻ മജീദിൻ്റെ വീടിന് പൊലീസ് കാവൽ
1 min readആകാശ് തില്ലങ്കേരിക്കെതിരെ പരാതി: ഫർസീൻ മജീദിൻ്റെ വീടിന് പൊലീസ് കാവൽ
കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രക്കെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിൻ്റെ വീടിന് സംരക്ഷണം ഏർപ്പെടുത്തി പൊലീസ്. മട്ടന്നൂർ വെള്ളിയാംപറമ്പിലെ വീട്ടിലാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. നൈറ്റ് പട്രോളിങ്ങും വീട്ടിൽ പൊലീസിന്റെ പട്ടാ ബുക്കും വെച്ചിട്ടുണ്ട്.
അതേസമയം, ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി ഓടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആകാശിനൊപ്പം സഞ്ചരിച്ചിരുന്ന വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഷൈജലാണ് ഇന്നലെ രാത്രി വാഹനം പനമരം സ്റ്റേഷനിൽ എത്തിച്ചത്. ആകാശ് തില്ലങ്കേരി വയനാട്ടിൽ എന്തിനെത്തി എന്നത് അന്വേഷിക്കാൻ ഷൈജലിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
രൂപമാറ്റം വരുത്തി രജിസ്ട്രേഷൻ നമ്പർ ഇല്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ തില്ലങ്കേരിയും കൂട്ടാളികളും നടത്തിയ യാത്രക്കെതിരെ 9 കേസുകളാണ് മോട്ടോർ വാഹന വകുപ്പ് എടുത്തിരുന്നത്. ഇതിന് പിന്നാലെ വാഹനം ഹാജരാക്കാൻ വയനാട് പൊലീസ് ഉടമയോട് ആവശ്യപ്പെട്ടു.
ആകാശിനൊപ്പം യാത്ര ചെയ്തിരുന്ന ഷൈജലാണ് ഇന്നലെ രാത്രി വാഹനം കെട്ടിവലിച്ച് സ്റ്റേഷനില്‍ എത്തിച്ചത്. വാഹനം പനമരം സ്റ്റേഷനില്‍ എത്തിച്ചപ്പോൾ വലിയ ടയറുകള്‍ മാറ്റി സാധാരണ ടയറാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ നമ്പറും വാഹനത്തില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ജീപ്പിന്‍റെ റൂഫ് ഉള്‍പ്പെടെയുള്ളവ ഇപ്പോഴും രൂപമാറ്റം വരുത്തിയ നിലയിലാണ്.