വെങ്ങര മേൽപ്പാലം; റെയിൽവേയുടെ ഭാഗത്തെ നിർമാണത്തിന് അനുമതിയായി
1 min read
വെങ്ങര മേൽപ്പാലം; റെയിൽവേയുടെ ഭാഗത്തെ നിർമാണത്തിന് അനുമതിയായി
പഴയങ്ങാടി: വെങ്ങര റെയിൽവേ മേൽപ്പാലത്തിൽ റെയിൽവേയുടെ അധീനതയിലുള്ള രണ്ട് തൂണിന്റെ നിർമ്മാണത്തിന് അനുമതി.
റെയിൽവേയുടെ ഭാഗം പൂർത്തിയാക്കാൻ അനുമതി ലഭിച്ചതിനാൽ നിർമാണത്തിന് പൊതുമരാമത്ത് വകുപ്പ് കെ-റെയിലിനെ ചുമതലപ്പെടുത്തി.
പാളത്തിന് കുറുകെയുള്ള ബീമുകളുടെയും സ്ലാബിന്റെ രണ്ട് തൂണുകളുടെയും പണി സാങ്കേതികത്വത്തിൽ തട്ടി നീളുകയായിരുന്നു.
കെ-റെയിലിനെ ചുമതല ഏൽപ്പിച്ചതിനാൽ കാലതാമസമില്ലാതെ രൂപരേഖ തയ്യാറാക്കിയാൽ ടെൻഡറിലേക്കും പിന്നാലെ നിർമാണത്തിലേക്കും പോകും.
പാലത്തിൽ വെങ്ങര ഭാഗത്തെ കൈവരിയുടെയും നടപ്പാതയുടെയും പണി അന്തിമഘട്ടത്തിലാണ്. ഇതിനുശേഷം മുട്ടം ഭാഗത്തുള്ള കൈവരിയുടെയും നടപ്പാതയുടെയും പണി അധികം വൈകാതെ പൂർത്തിയാക്കും.
പണി തുടങ്ങി മൂന്നു മാസം കൊണ്ടുതന്നെ എട്ട് തൂണുകളുടെയും പൈലിങ് ഉൾപ്പെടെയുള്ള
പ്രവൃത്തി വേഗത്തിൽ തന്നെ നടത്തിയിരുന്നു. സംസ്ഥാന ബജറ്റിൽ വെങ്ങര റെയിൽവേ മേൽപ്പാലം നിർമാണത്തിന് 21 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. 290.16 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന് 12 മീറ്റർ വീതിയുമു ണ്ടാകും.
എട്ടര മീറ്റർ വീതിയിൽ വാഹനങ്ങൾ കടന്നു പോകുന്നതിനും ബാക്കി ഭാഗം കാൽനട യാത്രക്കാർക്കായി നടപ്പാതയുമുണ്ടാകും.
22.32 മീറ്റർ വലിപ്പത്തിൽ 13 പാനുകളും ഉണ്ടാകും. പാലത്തിലേക്ക് കയറാൻ പടവുകളും നിർമ്മിക്കും. കിഫ്‌ബി ഫണ്ടുപയോഗിച്ചാണ് മേൽപ്പാലം നിർമ്മിക്കുന്നത്. 12.5 കോടി രൂപ ഇവിടത്തെ കരാറുകരനും 8.5 കോടി റെയിൽവേയുടെ പണിക്കുമാണ് നീക്കി വെച്ചിട്ടുള്ളത്.
