ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കണ്ണൂർ സ്വദേശിക്ക് പരിക്ക്
1 min read
ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കണ്ണൂർ സ്വദേശിക്ക് പരിക്ക്
കണ്ണൂര്‍ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ്(41) പരിക്കേറ്റത്.
വടക്കൻ ഇസ്രയേലിലെ അഷ്കിലോണിൽ ഏഴ് വർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ. ഇസ്രായേൽ സമയം ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടൻ ഫോൺ സംഭാഷണം നിലച്ചു. പിന്നീട് ഇവരെ വീട്ടുകാർക്ക് ബന്ധപ്പെടാൻ സാധിച്ചില്ല. ഇവർ ജോലി ചെയ്യുന്ന വീട്ടിലുള്ളവർക്കും പരിക്കുണ്ട്.
ഷീജയ്ക്ക് കാലിനാണ് പരിക്ക്. ഷീജയെ ഉടൻ തന്നെ സമീപത്തുള്ള ബെർസാലൈ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ടെൽ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. പയ്യാവൂർ സ്വദേശി ആനന്ദനാണ് ഷീജയുടെ ഭർത്താവ്. മക്കൾ: ആവണി ആനന്ദ്, അനാമിക ആനന്ദ്.
