വാട്‌സാപ്പ് ചാനല്‍ ഇന്ത്യയിലെത്തി; ആരാധകരെ ക്ഷണിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
1 min readവാട്‌സാപ്പ് ചാനല്‍ ഇന്ത്യയിലെത്തി; ആരാധകരെ ക്ഷണിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ഗ്രൂപ്പുകള്‍ കമ്മ്യൂണിറ്റികള്‍ സ്റ്റാറ്റസ് തുടങ്ങി ബന്ധുക്കളെയും സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയുമെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി സൗകര്യങ്ങള്‍ ഇതിനകം വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഈവര്‍ഷം ജൂണിലാണ് വാട്‌സാപ്പ് ചാനല്‍ എന്ന പേരില്‍ പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ സൗകര്യമാണിത്. ഈ സൗകര്യം ഇപ്പോള്‍ ഇന്ത്യയിലും എത്തിയിരിക്കുകയാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള പ്രശസ്ത വ്യക്തികള്‍ ഇതിനകം വാട്‌സാപ്പില്‍ ചാനല്‍ ആരംഭിച്ചു കഴിഞ്ഞു. അര ലക്ഷത്തിലേറെ ആളുകള്‍ ഈ ചാനലുകള്‍ ഫോളോ ചെയ്യുന്നുണ്ട്. വിവിധ മാധ്യമ സ്ഥാപനങ്ങളും ഇതിനകം ചാനലുകള്‍ ആരംഭിച്ചു കഴിഞ്ഞു.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചാനലുകള്‍ ആരംഭിക്കാം. ഈ ചാനലുകള്‍ എത്ര ആളുകള്‍ക്ക് വേണമെങ്കിലും ഫോളോ ചെയ്യാം. സാധാരണ ഫെയ്സ്ബുക്ക് പേജുകളില്‍ ചെയ്തിരുന്നത് പോലെ ചിത്രങ്ങളും വീഡിയോകളും അറിയിപ്പുകളും കുറിപ്പുകളും സന്ദേശങ്ങളുമെല്ലാം ഈ ചാനലുകളിലൂടെ ഫോളോവര്‍മാരിലേക്ക് എത്തിക്കാം.
പുതിയ ഫീച്ചര്‍ എത്തുന്നതോടെ വാട്‌സാപ്പില്‍ Chats, Calls ടാബുകള്‍ക്ക് നടുവിലായി Updates എന്ന പേരില്‍ പുതിയൊരു ടാബ് എത്തും. Status ടാബിന്റെ സ്ഥാനത്താണ് അപ്‌ഡേറ്റ്‌സ് ടാബ് വരിക. സ്റ്റാറ്റസുകള്‍ ഈ അപ്‌ഡേറ്റ്‌സിന് ഉള്ളിലേക്ക് മാറ്റി.
ജൂണില്‍ കൊളംബിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ചാനല്‍ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നത്. വരുന്ന ആഴ്ചകളില്‍ ആഗോള തലത്തില്‍ ഈ സൗകര്യം ലഭ്യമാക്കുമെന്നാണ് മെറ്റയുടെ പ്രഖ്യാപനം. ഇന്ത്യ ഉള്‍പ്പടെ 150 ലേറെ രാജ്യങ്ങളില്‍ ഈ സൗകര്യം ലഭ്യമാവും. വിവിധ ചാനലുകള്‍ തിരഞ്ഞ് കണ്ടുപിടിക്കാനാവും. പുതിയതും സജീവവും ജനപ്രിയവുമായ ചാനലുകളും മുന്നിലെത്തും.
ഇന്ന് ലഭ്യമായതില്‍ ഏറ്റവും സ്വകാര്യതയുള്ള ബ്രോഡ്കാസ്റ്റ് സേവനമാണ് വാട്‌സാപ്പ് ചാനലുകളെന്ന് കമ്പനി അവകാശപ്പെടുന്നു. ചാനല്‍ ഫോളോ ചെയ്യുന്നവരുടെ ഫോണ്‍ നമ്പറോ പ്രൊഫൈല്‍ ഫോട്ടോ ഉള്‍പ്പടെയുള്ള മറ്റ് വിവരങ്ങളോ മറ്റ് ഫോളോവര്‍മാര്‍ക്കോ അഡ്മിന്‍മാര്‍ക്കോ കാണാന്‍ സാധിക്കില്ല. അതായത് നിങ്ങള്‍ ആരെ ഫോളോ ചെയ്താലും അക്കാര്യം നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരോ ആ ചാനലിലെ മറ്റ് ഫോളോവര്‍മാരോ അറിയില്ല. 30 ദിവസത്തെ ചാനല്‍ ഹിസ്റ്ററി മാത്രമേ ശേഖരിച്ചു വെക്കുകയുള്ളൂ. അതായത് പഴയ സന്ദേശങ്ങള്‍ 30 ദിവസത്തിന് ശേഷം നീക്കം ചെയ്യപ്പെടും.
ചാനലുകളില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് ഇമോജികള്‍ ഉപയോഗിച്ച് പ്രതികരണം രേഖപ്പെടുത്താം. നിങ്ങളാണ് ഇമോജി പങ്കുവെച്ചത് എന്ന വിവരവും മറ്റുള്ളവര്‍ അറിയില്ല. ചാനലുകള്‍ മ്യൂട്ട് ചെയ്യാനും എളുപ്പത്തില്‍ അണ്‍ഫോളോ ചെയ്യാനും സാധിക്കും.
നിലവിലുള്ള വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിച്ചോ പുതിയ അക്കൗണ്ട് ഉപയോഗിച്ചോ നിങ്ങള്‍ക്കും വാട്‌സാപ്പ് ചാനല്‍ ആരംഭിക്കാം. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നത്. അപ്‌ഡേറ്റ് ലഭ്യമായിട്ടില്ലാത്തവര്‍ ഇനിയും കാത്തിരിക്കുക.
*എങ്ങനെ വാട്‌സാപ്പ് ചാനല്‍സ് ഉപയോഗിക്കാം ?*
▪️ഏറ്റവും പുതിയ വാട്‌സാപ്പ് അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുക.
▪️ശേഷം വാട്‌സാപ്പ് തുറന്നാല്‍ Updates ടാബ് കാണാം. ഇത് തിരഞ്ഞെടുക്കുക.
▪️താഴെ വിവിധ ചാനലുകളുടെ പട്ടിക കാണാം. ഈ ചാനലുകള്‍ ഫോളോ ചെയ്യാന്‍ + എന്ന ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതി.
▪️അല്ലെങ്കില്‍ ചാനലുകളുടെ പ്രൊഫൈല്‍ തുറന്ന് ഫോളോ ബട്ടന്‍ ക്ലിക്ക് ചെയ്തും ചാനല്‍ ഫോളോ ചെയ്യാം.
▪️സന്ദേശങ്ങളില്‍ ലോങ് പ്രെസ് ചെയ്താല്‍ ഇമോജി റിയാക്ഷനുകള്‍ പങ്കുവെക്കുകയും ചെയ്യാം.