കാടുവെട്ട് യന്ത്രത്തിന്റെ ബ്ലേഡ് തട്ടി പരിക്കേറ്റ മൂർഖന് പുതുജീവൻ
1 min readകണ്ണൂർ തളിപ്പറമ്പിൽ കാടുവെട്ട് യന്ത്രത്തിന്റെ ബ്ലേഡ് കൊണ്ട് മൂർഖൻ പാമ്പിന് മുറിവേറ്റു. ചോര ഒഴുകുന്ന പാമ്പിനെ ആസ്പത്രിയിൽ എത്തിച്ചു. ഡോക്ടർമാർ രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ തളിപ്പറമ്പ് പാളയാടാണ് സംഭവം. മെഷീൻ ബ്ലേഡ് തട്ടി മുറിവേറ്റ പാമ്പിനെ സർപ്പ ടീം അംഗങ്ങളായ മനോജ് കാമനാട്ടും സുചീന്ദ്രനുമാണ് കണ്ണൂർ മൃഗാസ്പത്രിയിൽ എത്തിച്ചത്.
ഡോക്ടർമാരായ ഷെറിൻ ബി സാരംഗ്, ഡോ. നവാസ് ഷെരീഫ് എന്നിവർ ചികിത്സിച്ചു. പിറക് വശത്ത് മുറിവ് പറ്റിയ പാമ്പിന് ആന്റിബയോട്ടിക് നൽകാനും ഒരാഴ്ചത്തെ സംരക്ഷണവും ഡോക്ടർമാർ നിർദേശിച്ചു. തളിപ്പറമ്പ് വനം റേഞ്ച് ഓഫീസറുടെ നിർദേശ പ്രകാരം സർപ്പ ടീം അംഗം സുചീന്ദ്രൻ പാമ്പിന്റെ സംരക്ഷണം ഏറ്റെടുത്തു. ഒരാഴ്ചത്തെ സംരക്ഷണത്തിന് ശേഷം പാമ്പിനെ അതിന്റ ആവാസ വ്യവസ്ഥയിൽ തുറന്ന് വിടും.